1 ശമൂവേൽ 14 : 1 (MOV)
ഒരു ദിവസം ശൌലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും.
1 ശമൂവേൽ 14 : 2 (MOV)
ശൌൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ.
1 ശമൂവേൽ 14 : 3 (MOV)
ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല.
1 ശമൂവേൽ 14 : 4 (MOV)
യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.
1 ശമൂവേൽ 14 : 5 (MOV)
ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
1 ശമൂവേൽ 14 : 6 (MOV)
യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 7 (MOV)
ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 8 (MOV)
അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;
1 ശമൂവേൽ 14 : 9 (MOV)
ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നിൽക്കേണം.
1 ശമൂവേൽ 14 : 10 (MOV)
ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
1 ശമൂവേൽ 14 : 11 (MOV)
ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.
1 ശമൂവേൽ 14 : 12 (MOV)
പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോടു: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 13 (MOV)
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
1 ശമൂവേൽ 14 : 14 (MOV)
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു.
1 ശമൂവേൽ 14 : 15 (MOV)
പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
1 ശമൂവേൽ 14 : 16 (MOV)
അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്നു ശൌലിന്റെ കാവൽക്കാർ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.
1 ശമൂവേൽ 14 : 17 (MOV)
ശൌൽ കൂടെയുള്ള ജനത്തോടു: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
1 ശമൂവേൽ 14 : 18 (MOV)
ശൌൽ അഹീയാവിനോടു: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്തു യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
1 ശമൂവേൽ 14 : 19 (MOV)
ശൌൽ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൌൽ പുരോഹിതനോടു: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 20 (MOV)
ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവർ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
1 ശമൂവേൽ 14 : 21 (MOV)
മുമ്പെ ഫെലിസ്ത്യരോടു ചേർന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തിൽവന്നിരുന്ന എബ്രായരും ശൌലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.
1 ശമൂവേൽ 14 : 22 (MOV)
അങ്ങനെ തന്നേ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്നു അവരെ പിന്തുടർന്നു.
1 ശമൂവേൽ 14 : 23 (MOV)
അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ പരന്നു.
1 ശമൂവേൽ 14 : 24 (MOV)
സന്ധ്യെക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൌൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
1 ശമൂവേൽ 14 : 25 (MOV)
ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു.
1 ശമൂവേൽ 14 : 26 (MOV)
ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
1 ശമൂവേൽ 14 : 27 (MOV)
യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻ കട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
1 ശമൂവേൽ 14 : 28 (MOV)
അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞു നിന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 29 (MOV)
അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
1 ശമൂവേൽ 14 : 30 (MOV)
ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 31 (MOV)
അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
1 ശമൂവേൽ 14 : 32 (MOV)
ആകയാൽ ജനം കൊള്ളകൂ ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.
1 ശമൂവേൽ 14 : 33 (MOV)
ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 34 (MOV)
പിന്നെയും ശൌൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്നു അവരോടു ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.
1 ശമൂവേൽ 14 : 35 (MOV)
ശൌൽ യഹോവെക്കു ഒരു യാഗപീഠം പണിതു; അതു അവൻ യഹോവെക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.
1 ശമൂവേൽ 14 : 36 (MOV)
അനന്തരം ശൌൽ: നാം രാത്രിയിൽ തന്നേ ഫെലിസ്ത്യരെ പിന്തുടർന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊൾക എന്നു അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു.
1 ശമൂവേൽ 14 : 37 (MOV)
അങ്ങനെ ശൌൽ ദൈവത്തോടു: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.
1 ശമൂവേൽ 14 : 38 (MOV)
അപ്പോൾ ശൌൽ: ജനത്തിന്റെ പ്രധാനികൾ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തിൽ എന്നു അന്വേഷിച്ചറിവിൻ;
1 ശമൂവേൽ 14 : 39 (MOV)
യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകൻ യോനാഥാനിൽ തന്നേ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോടു ഉത്തരം പറവാൻ സർവ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
1 ശമൂവേൽ 14 : 40 (MOV)
അവൻ എല്ലായിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നിൽക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൌലിനോടു പറഞ്ഞു.
1 ശമൂവേൽ 14 : 41 (MOV)
അങ്ങനെ ശൌൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
1 ശമൂവേൽ 14 : 42 (MOV)
പിന്നെ ശൌൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
1 ശമൂവേൽ 14 : 43 (MOV)
ശൌൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 44 (MOV)
അതിന്നു ശൌൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 14 : 45 (MOV)
എന്നാൽ ജനം ശൌലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.
1 ശമൂവേൽ 14 : 46 (MOV)
ശൌൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
1 ശമൂവേൽ 14 : 47 (MOV)
ശൌൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.
1 ശമൂവേൽ 14 : 48 (MOV)
അവൻ ശൌര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.
1 ശമൂവേൽ 14 : 49 (MOV)
എന്നാൽ ശൌലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
1 ശമൂവേൽ 14 : 50 (MOV)
ശൌലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
1 ശമൂവേൽ 14 : 51 (MOV)
ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
1 ശമൂവേൽ 14 : 52 (MOV)
ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൌൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52